
ഓർമകളുണ്ടായിരിക്കേണം.. ഒക്കെയും വഴിയോര കാഴ്ചകളായിടെണം…
എനിക്കേറ്റവും ഇഷ്ടമുള്ള കവിതകളിൽ ഒന്നാണ് സഫലമി യാത്ര. അതിൽ ഏറെ ഇഷ്ടമുള്ള വരികളാണിത്. ഓർമ എത്ര ശക്തമായ ആഴമുള്ളൊരു പദമാണ്… നമ്മൾ അറിയാതെ നമ്മെ ഓർമിക്കുന്നവർ. ഓർമിച്ചു എന്നു ഒരു സൂചന പോലും നൽകാതെ സ്മൃതികളിൽ നിർവൃതി കൊള്ളുന്നവർ. ഓർമകളൊക്കെയും മയിച്ചുവെന്ന് കള്ളം പറഞ്ഞു ഇന്നിലേക്ക് ഊളിയിട്ട് ഇറങ്ങാൻ ശ്രമിക്കുന്നവർ. ആഷിഖ് അബുവിന്റെ happiness project എന്ന അഭിമുഖത്തിൽ ധന്യ വർമ ചോദിക്കുന്നുണ്ട്.. എന്തിനെയാണ് ഏറ്റവും പേടിയുള്ളത്? അദ്ദേഹം പറയുന്ന മറുപടി “എനിക്കേറ്റവും പേടി എന്റെ ഓർമകളെയാണ്. ഏറ്റവും സന്തോഷം തരുന്നതും അത് തന്നെയാണ് “.
തന്മാത്രയിലെ മോഹൻലാലിന്റെ കഥാപാത്രം വേറിട്ട് നില്കുന്നത് ഓർമയിൽ നിന്ന് ബന്ധം നഷ്ടപെട്ട മറ്റൊരു മനുഷ്യനായി ജീവിതം മാറി മറിയുന്നിടത്താണ്. അതെ നല്ലതും ചീത്തയുമായ ഓർമ്മകൾ തന്നെയാണ് എന്നെയും നിങ്ങളെയും ഒക്കെ അർത്ഥമുള്ളതക്കുന്നത്. എങ്കിലും നമുക്കേറ്റവും ഓർമയുണ്ടാവുക വേദനിപ്പിച്ചതും വേദനിക്കപ്പെട്ടതും ഒഴിവാക്കപ്പെട്ടതും പറ്റിക്കപെട്ടതും ഒക്കെയാവും. എല്ലാ സ്നേഹബന്ധങ്ങളിലും ഒടുക്കം വിജയിക്കുന്നത് ദുരഭിമനമാണല്ലോ. നമ്മൾ മാത്രം നല്ലവരാകുന്ന കഥയിൽ നമുക്ക് ഓർമയില്ലാത്ത കുറെ നല്ല ഓർമ്മകൾ സമ്മാനിച്ച വ്യക്തികളെ സ്ഥലങ്ങളെ സാഹചര്യങ്ങളെ ഒക്കെ ഒഴിവാക്കി മുന്നോട്ടു പോകുമ്പോൾ അറിഞ്ഞുകൊണ്ട് മറക്കുകയല്ലേ നമ്മൾ നമ്മളെത്തന്നെ?
MT യുടെ നിന്റെ ഓർമക്ക് വായിച്ചു നിർത്തിയപ്പോൾ ആ ഒരു കഥ ന്തോ കുറച്ചു നാൾ ചിന്തയിലിട്ട് നടന്നു. ശ്രീലങ്കയിൽ യുദ്ധകാലത്തു അച്ഛൻ കൂട്ടിയിട്ട് വന്ന ലീല എന്ന പെൺകുട്ടിയെ വർഷങ്ങൾക്ക് ശേഷം ഓർത്തെടുക്കാൻ അദ്ദേഹം കാണിച്ച മനസിനോട് ഇഷ്ടം തോന്നി. വന്നു കേറിയപ്പോൾ മുതൽ അവൾ ബാഗിൽ നിന്നും വെളിയിലെടുത്തു ഒമനിച്ചു കൊച്ചുവാസുവിനെ കൊതിപ്പിച്ചിരുന്ന ശബ്ദിക്കുന്ന റബ്ബർ മൂങ്ങ. അച്ഛന്റെ മകളാണെന്ന് പറഞ്ഞു എല്ലാവരും ചേർന്ന് അവളെ അവിടുന്നു പറഞ്ഞയക്കാൻ തുനിഞ്ഞപ്പോ എന്തിനെന്നറിയാതെ നൊമ്പരപ്പെട്ട കൊച്ചു വാസുവിന്റെ മനസ്സ്. ഒടുവിൽ അച്ഛന്റെ കൈപിടിച്ചിറങ്ങുമ്പോ ലീല തിരികെ നടന്നു ചെന്ന് വാസുവിനെ ആ റബ്ബർ മൂങ്ങ ഏല്പിച്ചിട്ടാണ് പോകുന്നത്. പറയാതെ തന്നെ,അഭയാർത്ഥിയായ ആ കുഞ്ഞു പെൺകുട്ടി അവന്റെ മോഹത്തെ മനസിലാക്കിയത് എത്ര അത്ഭുതകരമാണ്. അതെ പറയാതെ മനസിലാക്കുന്നവരെ, കടന്നു പോയാലും നന്ദിയോടെ ഓർക്കുന്നവരെ കണ്ടുകിട്ടുക തന്നെ ഭാഗ്യമാണ്. വർഷങ്ങൾക് ശേഷം ലീലയെ പറ്റി എഴുതുമ്പോൾ വാസു എന്ന കൊച്ചു കുട്ടീടെ ബാല്യത്തിലേക് അദ്ദേഹം തിരിച്ചൊരു യാത്ര പോയിരിക്കില്ലേ? അത്പോലെ എത്ര കഥകൾ.. എത്ര ജീവിതങ്ങൾ.. ഓരോ ദിവസവും എത്ര ഓർമകളാണ് സമ്മാനിക്കുന്നത്. നല്ലതിനെ കൂട്ടിവെച്ചു ഓർത്തു ചിരിക്കുമ്പോലെ തന്നെ പ്രധാനമല്ലേ കരഞ്ഞതും തളർന്നതും തെറ്റ് പറ്റിയതുമായ സംഭവങ്ങളെ ഓർമിച്ചു പഠിക്കുന്നതും?
ഓർമ്മകൾ തീരാതിരിക്കട്ടെ.. ഇപ്പോൾ ഓർമിക്കുക എന്നാൽ നന്ദിയുള്ളവളാകുക എന്നൊരു അർത്ഥം കൂടി ഉണ്ടെന്നു തോന്നുന്നു… അതെ memory equates gratitude!! തീരെ ഓർമിക്കാതെ പുതിയ ഇടങ്ങളിലേക്ക് വ്യക്തികളിലേക്ക് ഒകെ സ്വയം പറിച്ചു നടുമ്പോൾ ഓർമിക്കുന്നുണ്ടാവോ ആരെങ്കിലും തൊട്ട് മുൻപ് വരെ ജീവിച്ചതെങ്ങനെയെന്ന്? ഉണ്ടാവാം ഇല്ലാതിരിക്കാം…ഓർമ്മകൾ ഉണ്ടായിരിക്കട്ടെ അവ ജീവനുള്ളതായിരിക്കട്ടെ ✨️✨️
മിഴി ✍️