തലകെട്ടിലുള്ള ചൊല്ല് ഞാൻ പണ്ടെപ്പോഴോ ചാച്ചൻ പറഞ്ഞു കേട്ടിട്ടുള്ളതാണ്… എന്നു വെച്ചാ നമുക്ക് നമ്മളെയുള്ളു എന്നർത്ഥം…
എത്രയൊക്കെ സാമർഥ്യം ഉണ്ടെങ്കിലും തീരെ ദുർബലരായിപോവാറുണ്ട് എല്ലാവരും ഏതെങ്കിലുമൊക്കെ സാഹചര്യത്തിൽ… പരസ്പരം തണലാവുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണു മനുഷ്യന് സഹജീവികളോടും ചുറ്റുപാടുകളോടും ഇണങ്ങാനുള്ള കഴിവ് പരിണമിച്ചു കിട്ടിയതെന്ന് ഞാൻ കരുതുന്നു…. എന്നിരുന്നാലും ഈയിടെയായി എന്റെ സ്വന്തം അനുഭവങ്ങളിൽ നിന്ന് മനസിലായ ഒരു കാര്യമുണ്ട്…
ഒരു വ്യക്തിയേക്കാൾ കൂടുതൽ അടുപ്പം മറ്റൊരു സ്ഥലത്തോട് സാഹചര്യത്തോട് മനുഷ്യരോട് തോന്നിയാൽ അതിനി മുൻപ് എത്ര വലിയ ബന്ധമായിരുന്നാലും അവർക്ക് പുതിയതിനോടൊരു ചായ്വു വരും… തീർച്ച… ഒരു കൂട്ടർ അവരുടെ മനസ് തുറന്നു വെക്കുകയും മറ്റേ വശത്തു അവർ പുതിയ കൂടുകളിലേക്ക് ചുരുങ്ങുകയും ചെയ്യുമ്പോ
ഞാൻ പോകുന്നു എന്നതിന് ചിരിച്ചു കൊണ്ട് യാത്രയാക്കാനല്ലാതെ മറ്റെന്തിനാവും…. ഒരു പരിധിക്കപ്പുറത്തുള്ള വിശദീകരണങ്ങളൊക്കെ വ്യക്തി സ്വാതന്ത്ര്യമെന്ന ആശയത്തിന്റെ ചോട്ടിൽ ചത്തു വീഴുമ്പോഴും ഒരു കൂട്ടർ മാത്രം അവരുടെ കഥ പറയാൻ ചെന്ന് കൊണ്ടേയിരിക്കും…. അങ്ങനെയാണത്രെ സൗഹൃദങ്ങൾ പ്രകൃത്യാ മെലിഞ്ഞത്… കൂടെയുണ്ടാകുമ്പോൾ കലഹിക്കാതിരിക്കുന്നതിൽ പരം സേവനങ്ങളൊന്നും തന്നെ പരസ്പരം കൈമാറാനില്ലാത്ത അവസ്ഥയിലേക്ക് എത്തുമ്പോ തോന്നിപോകും ചിലരൊന്നും വേണ്ടിയിരുന്നില്ല… അവർ വരേണ്ടിയിരുന്നില്ല… എന്നാലും എന്റെ വ്യക്തി സ്വാതന്ത്ര്യമേ നീ സ്നേഹത്തേക്കാൾ മുകളിലാണല്ലോ…. അല്ല എനിക്ക് തെറ്റ് പറ്റിയതാണ്…. വ്യക്തിസ്വാതന്ത്ര്യം സ്നേഹമുള്ളവരിലേക്ക് ചുരുങ്ങി പോകുന്നതാണ്….
പറഞ്ഞു വന്നത് പരസ്പരം പങ്കുവെക്കലി ല്ലാത്തിടത്തു നിങ്ങൾ എന്നെപോലെ പറച്ചിലുകാർ മാത്രമായി ഒതുങ്ങി പോകാതിരിക്കുക… അതൊരു മാന്യമായ സ്വയം നീതിയാണെന് മനസിലാക്കുക… അവർക് ചിലപ്പോൾ ആരൊക്കെയോ കാണും… എനിക്ക് ഞാനേയുള്ളു… കേട്ടിരുന്നതിനൊക്കെയും നന്ദിയാണ്… കേട്ടിരുന്നോരോടൊക്കെ സ്നേഹമാണ്… അവരുടെ സ്നേഹം അത് കൂടുതൽ വേണ്ടവരിലേക്ക് പടരുമ്പോൾ മറുവശത്തു നിങ്ങൾ സ്വയം പര്യാപ്തരാവാൻ പഠിക്കുക… തനിക്ക് താനേയുള്ളു… താൻ മാത്രം…
മിഴി ✍️