ഋതു ഭേദങ്ങൾ പോലെയാണ് മനുഷ്യരും
ഒരു കാലത്ത് വസന്തം ചൂടുകയും പിന്നീട് ഉണങ്ങി വരണ്ട് തളരുകയും അതും കഴിഞ്ഞു ഉയിർത്തെണീറ്റു തളിർക്കുകയും ചെയ്യുന്ന അതേ പ്രതിഭാസം
പ്രതീക്ഷകളുടെ അറ്റത്തു മനുഷ്യരെ കെട്ടിയിട്ട് വേദനിപ്പിച്ചൊടുവിൽ സ്വയം നിരപരാധിയായി പ്രഖ്യാപിച്ചു നമ്മൾ കടന്നു കളയും
അടുത്തൊരു ഋതുവിൽ ഏറ്റവും നല്ല നായികയോ നായകനോ ആയി വീണ്ടും വേഷ പകർച്ച ചെയ്യും
ഇപ്പോൾ ഞാൻ ശ്രമിക്കുന്നത് എന്നോട് തന്നെ അല്പം സത്യസന്ധത കാണിക്കാനാണ്.. എന്റെ തെറ്റ് കൊണ്ടാണ് മനുഷ്യർ മാറിയതെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കാനും അതല്ല അപ്പുറത്തെ ആളിന്റെ പക്കലെങ്കിൽ അതിനെ മനസിലാക്കാനും ശ്രമിക്കാനാണ്… പ്രതീക്ഷകളുടെ അമിതഭരമില്ലന്ന് കള്ളം പറയുന്നവരുടെ ഗണത്തിൽ ചേരാതെ തെല്ലും നിരാശ കൂടാതെ ജീവിക്കാനാണ്…
നാളെ ഒരിക്കൽ ഏറ്റവും അപരിചിതമായ സ്വരത്തോട് പോലും പുച്ഛം രേഖപെടുത്തി സ്വയം ചെറുതാവാതിരിക്കാൻ ഉള്ള പാകത നേടാനാണ്…
മുന്നോട്ട് പോകുന്തോറും മനസിലാക്കുകയാണ്.. എല്ലാ ഋതുക്കളും നല്ലതല്ല… വസ്തുക്കൾക്കും പ്രകടനങ്ങൾക്കും ഒക്കെ അപ്പുറത്താണ് വൈകാരികമായ പക്വത… വളരെ ചെറിയ ജീവിതദശയിൽ പ്രതികാര ബുദ്ധി ഒക്കെ കാണിക്കുന്ന മനുഷ്യരെ ഒന്നും കണ്ടു മുട്ടാതിരിക്കട്ടെ… കണ്ടുമുട്ടിയാലും പരിചയപ്പെടാതിരിക്കട്ടെ… കണക്കു പറച്ചിലുകളും കുറ്റം പറച്ചിലുകളും സ്വാർത്ഥമോഹങ്ങളും ഇല്ലാതെ സ്വാതന്ത്രമായി സ്നേഹിക്കുന്നവരെ കണ്ടുമുട്ടട്ടെ…
അങ്ങനെ ഉള്ളവരെ കണ്ടുമുട്ടിയാൽ തിരിച്ചറിയാൻ വിഞ്ജാനമുണ്ടാകട്ടെ… പ്രായം വിവേകത്തിന്റെ അളവുകോൽ അല്ലെന്നു ബുദ്ധി തിരിച്ചറിയട്ടെ…
ഋതുഭേദമന്യേ നിലനിൽക്കുന്ന സ്നേഹം പരക്കട്ടെ..
മിഴി ✍️