“എനിക്കവളെ ഇഷ്ടാണ്. അതിന്റെ കാരണം അവൾക് സ്വന്തായിട്ട് നിലപാടില്ലാത്തതാണ്”.. വളരെ അടുപ്പമുള്ള ഒരു മനുഷ്യൻ അയാൾക്ക് ഒരുപാടിഷ്ടമുള്ള ഒരു സ്ത്രീയെപ്പറ്റി പറഞ്ഞ വാക്കുകളാണ്… അത്ര നിസ്സാരമായിട്ട് അതിനെ ചിന്തിക്കാതെ വിടാൻ തോന്നിയില്ല…
കാലം എത്ര മാറിയാലും പുരുഷനെ ആശ്രയിക്കുന്ന… സ്വന്തം ജീവിതത്തിനു വേണ്ടി വിശ്വാസമുള്ള ഒരു പുരുഷനെ കൊണ്ട് തീരുമാനമെടുപ്പിച്ചു ആ ആശ്രയ മനോഭാവത്തെ ഒരു ആഭരണമായി കരുതുന്ന… പെൺകുട്ടികളെ ഇഷ്ടപെടുന്ന ചെറുതല്ലാത്ത ശതമാനം ആണുങ്ങൾ നമുക്കിടയിൽ ധാരാളമുണ്ടെന്നു സാരം.. ഈ കഥാപാത്രത്തെ പറ്റി കുറെ കേട്ടു കഴിഞ്ഞ് ഞാൻ തിരിച്ചു ചോദിച്ച ചോദ്യങ്ങൾക്കൊന്നും അയാൾ മറുപടി പറഞ്ഞില്ല.. പകരം ആ പെൺകുട്ടിയുടെ നിസഹായാവസ്ഥകളെ പറ്റി പറഞ്ഞു.. വിദ്യാസമ്പന്നയായ അവർ സ്വയം കുറ്റപ്പെടുത്തിയും താരതമ്യപ്പെടുത്തിയും പറയുന്നതൊക്കെയും പിന്തുണച്ചു അവരെ കൂടുതൽ ദുർബലയാക്കുന്നതിനേക്കാൾ എന്ത് കൊണ്ടും മികച്ചതാണ് അവരെ സ്വയം പര്യാപ്തയാക്കാൻ മാത്രം പറത്തി വിടുന്നതെന്ന എന്റെ പ്രസ്താവനയെ അയാൾ കീറിമുറിച്ചു മുളകിട്ടു….
പറഞ്ഞാൽ തിരുത്താനാവാത്ത ചില ഇഷ്ടങ്ങളുടെ അടിസ്ഥാനം ഇത്തരം നിർബന്ധം കലർന്ന ആശ്രയത്വമാണെന്ന് പറഞ്ഞു മനസിലാകുന്നതിൽ ഞാൻ അമ്പേ പരാജയപ്പെട്ടു.. മഞ്ജു വാര്യർ ഏതോ ഇന്റർവ്യൂവിൽ പറയുന്നുണ്ട്.. “എല്ലാ സ്ത്രീയുടെ ഉള്ളിലും ഒരു ശക്തിയുണ്ട്.. അത് തിരിച്ചറിയണം എന്നു മാത്രം”. ഞാൻ അതിനെ ഇച്ചിരി മാറ്റിപറയട്ടെ…”എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു ശക്തിയുണ്ട്”. അത് തിരിച്ചറിയാൻ ചിലപ്പോ വേറെ ഒരാൾ സഹായിച്ചേക്കാം. പക്ഷെ ബാക്കി ചെയ്യേണ്ടത് അത് വ്യക്തികളുടെ തീരുമാനമാവണം എന്ന ചിന്താഗതി ചരിത്രപരമായി മനഃശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്… ഭാര്യക്ക് എല്ലാം ചെയ്യാൻ കൂടെ പോകുന്ന ഭർത്താവിനെ ആശിക്കുന്ന പെൺകുട്ടികളെയും എപ്പോഴും തങ്ങളെ സ്നേഹിച്ചും ആഹാരം വിളമ്പിയും പരിചരിയ്ക്കുന്ന ഭാര്യയെ വേണമെന്നും വാശിയുള്ള ആൺകുട്ടികളെയും പടച്ചു വിടുന്നത് ഇത്തരം നിലപാടില്ലാത്ത മനുഷ്യരെ മഹത്വവത്കരിക്കുന്നവരാണെന്നു ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്…ഭർത്താവില്ലാത്ത സ്ത്രീ തനിയെ കുഞ്ഞിനെ വളർത്തിയാൽ ആ കുട്ടിക്ക് ഒരു സ്ത്രീ എത്ര നന്നായി അധ്വാനിച്ചു വളർത്തുന്നു എന്നു മനസിലാവും.. അതിനു മറ്റൊരാളിനെ തുണയ്ക്ക് കൂടിയേ തീരു എന്ന് അവർ തന്നെ പറഞ്ഞാൽ ആ കുട്ടിക്ക് മനസ്സിലാവുക ആൺതുണ കൂടാതെ ജീവിതം അസാധ്യമാണെന്നോ മറ്റോ ആവും…ഓരോന്നിനും അതിന്റെതായ പരിണിതഫലങ്ങളുണ്ടാവും… പൃഥ്വിരാജ് സുപ്രിയയെ വിവാഹം കഴിച്ചപ്പോൾ അയാൾ പറഞ്ഞ വാക്കുകൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരിന്നു…”പച്ചക്കറി വിലവിവരമല്ലാത്ത മറ്റെന്തെങ്കിലും ചർച്ച ചെയ്യാൻ കഴിയുന്ന പാർട്ണർ വേണം “. ഈ കാര്യം പറഞ്ഞാൽ എല്ലാവർക്കും അതിനൊന്നും പറ്റില്ലായിരിക്കും. പക്ഷെ സാധ്യതകളൊക്കെ മുന്നിലുള്ളവരും അവൾക് തീരുമാനങ്ങളില്ലാത്തത് കൊണ്ടാണ് എനിക്ക് ഒരുപാടിഷ്ടമെന്ന് പറഞ്ഞു കേൾക്കുമ്പോ ബാക്കി വരുന്ന ശതമാനം പെൺകുട്ടികളൊക്കെ ചുറ്റിപോകുമെന്ന് തോന്നുന്നല്ലോ… കുറച്ചൊക്കെ പുറത്തേക്ക് കടക്കുമ്പോൾ മനുഷ്യർ വിശാലമായി ചിന്തിക്കുമെന്നുള്ള എന്റെ ധാരണകളായിരുന്നു മേല്പറഞ്ഞ സംഭവത്തിലെ പുരുഷകഥാപാത്രം ഉടച്ചു തന്നത്…
പക്ഷെ എന്റെ നിലപാടിൽ മാറ്റമില്ല… ശരിയോ തെറ്റോ എന്തുമായിക്കൊള്ളട്ടെ.. നിലപാടുള്ള സ്ത്രീകൾ… സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്ന സ്ത്രീകൾ സമൂഹത്തിനും കുടുംബത്തിനും സ്ഥാപനത്തിനും ഒക്കെ മുതൽക്കൂട്ട് തന്നെയായിരിക്കും… “ഇന്ദിര നിന്നെ എനിക്കിഷ്ടമാണ് നിനക്ക് നിലപാടില്ലാത്തത് കൊണ്ടെന്നു ഫെറോസ് ഗാന്ധി പറഞ്ഞിരുന്നെങ്കിലോ??” 😂😂
മിഴി ✍️