
ഇടയ്ക്കൊക്കെ ഞാൻ ഓർക്കും ഇപ്പോൾ നികുന്നിടതുന്ന് പെട്ടെന്ന് ഒരു തയാറെടുപ്പുമില്ലാണ്ട് എന്നെന്നേക്കുമായി ഇറങ്ങേണ്ടി വന്നാൽ അതിനെ എങ്ങനെയാകും കൈകാര്യം ചെയുവാ എന്ന്… പെട്ടെന്നൊരു ശൂന്യത പുരണ്ട വെപ്രാളം ദേഹമൊട്ടാകെ വരിഞ്ഞു മുറുക്കിയ പോലെ തോന്നി… ഒരു മുറിയോട്…ഒരു കിടപ്പാടത്തോടൊക്കെ ഇത്ര അടുപ്പം, അതും സ്വന്തമല്ലാത്ത ഒന്നിനോടു തോന്നിയത് ന്റെ ദൗർബല്യമാണോന്നൊക്കെ ആലോചിച്ചു…
ഏറെ അടുപ്പമുള്ള മനുഷ്യരുടെ ഇടയിൽ നിന്ന് തീരെ തയാറെടുപ്പില്ലാതെ ഇറങ്ങി പോരേണ്ടി വന്നിട്ടുള്ളപ്പോൾ… ആ മാറ്റങ്ങളോടൊപ്പം വളരാൻ ശ്രമിക്കുന്നത് ഒരു ചെറുത്തു നിൽപ്പാണ്.. അല്ലെങ്കിൽ ആര് വന്നാലും പോയാലും എനിക്കൊരു കുലുക്കവുമില്ലന്ന തെറ്റിധാരണ അത്ര വേഗം ഫലിപ്പിച്ചെടുക്കാൻ കഴിയുമാരുന്നില്ല…
മുറിയൊഴിഞ്ഞാൽ ഞാൻ വരച്ച ചിത്രങ്ങളിലൊക്കെ വീണ്ടും അവർ വെള്ള പൂശുമായിരിക്കും… ആ മുറിക്കുള്ളിൽ ഞാൻ പൊട്ടിച്ചിരിച്ചതും എങ്ങലടിച്ചതും പരിതപിച്ചതും
കലഹിച്ചതും എഴുതിയതും മായ്ച്ചതും കള്ളം പറഞ്ഞതും കേട്ടതും മാറ്റിനിർത്തപ്പെട്ടതും ഒക്കെയും നിശബ്ദമായി കനച്ചു പോകും… അങ്ങനെ നമ്മൾ മുറിയൊഴിയുമ്പോ ഓരോ മനുഷ്യരും വെള്ളയടിക്കുന്നുണ്ട്…..വെച്ച് മാറ്റപ്പെടുന്നുണ്ട്… പ്രകൃത്യ അതങ്ങനെയാണ്.. അങ്ങനെയല്ലാത്ത ഒന്നോ രണ്ടോ മനുഷ്യരെ എങ്കിലും കണ്ട് കിട്ടിയ അത് ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ സാഹചര്യനുസൃതം നിങ്ങൾക് വിളിക്കാം…
നിങ്ങൾ അടയാളപ്പെടുത്താതെ പോകുന്നില്ല… നമ്മളാരും അവശേഷിപ്പുകളില്ലാതെ കടന്ന് പോകുന്നുമില്ല…
മിഴി ✍️