ചുള്ളിക്കാടിന്റെ ‘ഒരു ഭ്രാന്തൻ’ വീണ്ടും വായിക്കുമ്പോൾ എവിടെയോ വിങ്ങുന്ന പോലെ….
പണ്ട് ഏറെ പരിചയമുണ്ടായിരുന്ന നീല വരകളുള്ള ടെർലിൻ ഷർട്ട് ഉം പാന്റും ധരിച്ച അഭ്യസ്ഥ വിദ്യനായ ആംഗലേയ നോവലുകളിലേക്ക് ബാലചന്ദ്രനെ ആനയിച്ച തിളങ്ങുന്ന കണ്ണുകളുള്ള മോഹനൻ…പ്രീഡിഗ്രിയ്ക്ക് ഉയർന്ന മാർക്കു വാങ്ങിച്ച് IFS മോഹവുമായി UC കോളേജിലേക്ക് പോയ മോഹനനെ മോഹിപ്പിച്ച ത്രിപുരസുന്ദരി… പിന്നീട് പഠനത്തിൽ പിന്നോക്കം പോയപ്പോൾ അയാളെ ഉപേക്ഷിച്ചു പോയവൾ…മയക്കുമരുന്നടിച്ചു ബോധം മറഞ്ഞ മകനെ ഓർത്തു മനം നൊന്തു മരിച്ചു പോയൊരമ്മ… ഒടുവിൽ താളം തെറ്റിയ പാട്ടു പോലായ മോഹനനെ കിട്ടിയ ജോലി കൊണ്ട് പൊന്നു പോലെ നോക്കിയിരുന്ന കൂടപ്പിറപ്പ് അനന്തൻ… അല്പകാലം കഴിഞ്ഞ് അതും ഉപേക്ഷിച്ചു തെരുവിലേക്കിറങ്ങിയ ഭ്രാന്തൻ… ആകസ്മികമായി ആലുവ ബസ്സ്റ്റാൻഡിൽ വെച്ച് മോഹനനേ കണ്ടുമുട്ടുന്ന ബാലൻ…
ഇതിലെ ഒരോ നിമിഷവും അത്ര നൊമ്പരപെടുത്തിക്കളഞ്ഞു.. കണ്ണ് ചത്ത മനുഷ്യർ എത്രയാണ് നമുക്ക് ചുറ്റും..ബാലൻ വീണ്ടും മോഹനനെ മനുഷ്യകോലം നൽകി…അയാൾ വാങ്ങികൊടുത്ത മസാലദോശ ആർത്തിയോടെ കഴിക്കുന്നത് നോക്കി ഇരുന്നപ്പോൾ തീർച്ചയായും അയാളുടെ കണ്ണ് നിറഞ്ഞു കാണും..
വിശപ്പിന് മാത്രമാണ് ഭ്രാന്തില്ലാത്തതെന്ന് തോന്നിയിട്ടുണ്ട്.. വിശന്നിട്ട് ഭ്രാന്താകുന്നു എന്ന പ്രയോഗം തന്നെ തെറ്റാണോ? ഭ്രാന്തിന്റെയും അപ്പുറത്തു.. അബോധത്തിലും തിരിച്ചറിയപ്പെടുന്ന വികാരമാണ് വിശപ്പ്!!!
മോഹനനെ സുഹൃത്തിന്റെ ഭ്രാന്തശുപത്രിയിൽ ഏല്പിക്കണോ അതോ ആലുവ പാലത്തിൽ നിന്ന് തള്ളിയിട്ടു ഈ ലോകത്തിൽ നിന്ന് മോചനം കൊടുക്കണോ എന്ന സംവാദം ഉള്ളിന്റെ ഉള്ളിൽ കൊടുമ്പിരി കൊണ്ടപ്പോ ബാലൻ അയാളെ ആലുവ ബസ്സ്റ്റാൻഡിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചത് തെറ്റായിപോയോ??
ചിലപ്പോഴൊക്കെ അങ്ങനെയാണ് മനുഷ്യർ. നിസ്സഹായതയുടെ പരകോടി എന്നൊക്കെ പറയില്ലേ… നമ്മൾ ഏത് രീതിയിൽ അനങ്ങിയാലും അത് മറ്റൊരാൾക്കു ഒരു മാറ്റവും ഉണ്ടാകാൻ പോണില്ലെന്നും അവരുടെ പാട്ടിനു വിടുന്നതാണ് ഭേദമെന്നും തിരിച്ചറിയുന്നിടത് ഉപേക്ഷയുടെ ക്രൂരമുഖം കൈവരുന്നു…
മോഹനൻ പട്ടിണി കിടന്നു മരിച്ചു എന്ന് ആരോ പറഞ്ഞു കേട്ടപ്പോൾ ബാലൻ നെടുവീർപ്പെട്ടു…. അവിടെ കഥ അയാൾ എഴുതി നിർത്തി… എങ്കിലും അത് ചിന്തകളിൽ അവസാനിച്ചിട്ടുണ്ടാവില്ല… തീർച്ച..
ഞാൻ സങ്കല്പിച്ച മോഹനന്റെ മിഴികൾ… ജീവന്റെ തിളക്കം നഷ്ടപെട്ട.. സ്വപ്നങ്ങളുടെ ഭാരമില്ലാത്ത കണ്ണുകൾ… എത്ര കണ്ണുകളാണ് ഇങ്ങനെ തൊട്ട് തൊടാതെ പോയത്… ആകെ ചെയ്യാനാവുന്നത് മിഴിയിലേക്ക് നീർത്തുന്ന അലിവുള്ള നോട്ടങ്ങളായിരുന്നു… ഒരു നിമിഷത്തിൽ ഒരായുസ്സിന്റെ നോവിനെയൊക്കെ വലിച്ചെടുക്കുന്ന പുഞ്ചിരികളായിരുന്നു…ജനനത്തിന് മുന്പും മരണത്തിനു ശേഷവുമുള്ള മൗനത്തിന്റെ കനം തൂങ്ങിയ കണ്ണുകൾ ഇപ്പോൾ മിഴിയോരത്തു വന്നു വെറുതെ മടങ്ങല്ലേയെന്ന് വെറുതെ ആശിക്കാറുണ്ട്.. കാരണം കണ്ണ് ചത്തോരും നമ്മളും തമ്മിൽ ഒരു ഞൊടി ദൂരമേയുള്ളു… ഏറെ ഉള്ളിൽ തട്ടുന്ന ന്തോ ഒരു നോവിന്റെ ദൂരം….
ഇപ്പോൾ നാം ചിരിക്കുന്നുണ്ട്..
ഇപ്പോൾ നാം ചിന്തിക്കുന്നുണ്ട്..
അത് തന്നെ ജീവിതമല്ലേ???
മിഴി ✍️