കാറ്റു വീശുമ്പോഴൊക്കെ വാകപൂക്കൾ പൊഴിയുന്നുണ്ട്… വെയിലേറ്റ് മങ്ങിയ പൂക്കൾ… ഏതു കാറ്റിൽ അടർന്നു വീഴുമെന്ന് ഓർത്തു വിതുമ്പി നിന്നതാവും ഓരോ വാടിയ പൂവും… ഏതോ കാറ്റത്തു തീർച്ചയായും ഒരു യാത്ര പറച്ചിലിന് കാത്തു നിന്നതാവും വാകമരം.. ഇനിയും പൂക്കുമെന്നും.. വീണ്ടും കാറ്റു തല്ലി കൊഴിക്കുമെന്നും അതിനറിയാം… എന്നിട്ടും അത് നിർഭയം തുടരുന്നില്ലേ… അടർന്നു വീണ മഞ്ഞപ്പരപ്പിലും ഒരു സൗന്ദര്യമുണ്ട്… പച്ച പൊതിഞ്ഞു നിൽക്കുമ്പോഴുള്ളതാണോ വീണു കിടക്കുമ്പോഴാണോ കൂടുതൽ സുന്ദരി എന്ന് അറിയില്ല.. അത് താരതമ്യം ചെയ്യാൻ ആവില്ലെന്ന് തോന്നുന്നു… കോഴിയാൻ അനുവദിക്കാത്ത മരങ്ങളില്ല.. കൊഴിഞ്ഞു വീഴാത്ത പൂക്കളുമില്ല.. രണ്ടും അതിന്റെ ജീവിതചക്രത്തിൽ അനായാസമായി സുന്ദരമായി നടക്കുന്നു…
മനുഷ്യർ ഇങ്ങനെ വിടർന്നും കോഴിഞ്ഞും പോകുമ്പോഴും ഇത്തരമൊരു പ്രതിഭാസം നടക്കുന്നുണ്ടെന്നു തോന്നുന്നു… നമ്മൾ അതിൽ ഒരുപാട് വികാരവിക്ഷോഭങ്ങൾ ചേർത്ത് കലക്കി ഒരു വിരാമത്തിന്റെ… ഒത്തു ചേരലിന്റെ.. സൗരഭ്യമൊന്നും ആസ്വദിക്കാൻ മെനകെടാറില്ല…
ഇങ്ങനൊക്കെ പറയുമ്പോ ഞാൻ സ്വയം ചോദിക്കാറുണ്ട് എന്നിട്ടാണോ മനുഷ്യരെ ഓർത്തു ദുഖിക്കുന്നതെന്ന്… ഫീലിംഗ് പുച്ഛം 😂..
സ്വഭാവികമായ ആ സങ്കടത്തെ വർണിച്ചു പൊലിപ്പിച്ചു അതിൽ ആറാടി അവരെയും നമ്മളെയും വെറുപ്പിച് ഒടുക്കം ഓർമിക്കാൻ സുഖമുള്ള കുറെ നിമിഷങ്ങളെ കൂടി മറക്കാൻ പ്രാർത്ഥിക്കുന്ന അവസ്ഥ എത്തിക്കാതെ നോക്കാൻ ഈ ചിന്തയൊക്കെ കുറച്ചു സഹായിച്ചിട്ടുണ്ടാവണം… ആ രീതിയിൽ ഞാൻ കടപ്പെട്ടിരിക്കുന്നു… കൊഴിഞ്ഞു വീണ പൂക്കളോട്… വാക മരത്തോട്… അതിനെ പിടിച്ച് കുലുക്കുന്ന കാറ്റിനോട്..
വീണ്ടും പൂക്കുമെന്ന് … വീണ്ടും കോഴിയുമെന്ന്.. വീണ്ടും ജീവിക്കുമെന്ന്… കാരണം നമ്മൾ ഒക്കെയും ഭംഗിയായി പൂവിട്ടു കൊഴിയുന്ന വാകകൾ തന്നെ…
മിഴി ✍️